തിരുവനന്തപുരം: സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന തദ്ദേശീയ മദ്യ ബ്രാൻഡായ ജവാൻ റമ്മിന്റെ പേര് മാറ്റണമെന്ന ആവശ്യവുമായി മുഖ്യമന്ത്രിക്ക് പരാതി. കോഴിക്കോട് എലത്തൂർ സ്വദേശിയും റിട്ടയേർഡ് തഹസിൽദാരുമായ രാജേന്ദ്രൻ നായരാണ് ഈ ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്.
രാജ്യത്തിന്റെ അതിർത്തി കാക്കുന്ന സൈനികരെ (ജവാന്മാരെ) ഒരു മദ്യ ബ്രാൻഡിന് പേരിട്ട് വിളിക്കുന്നത് അവരെ അപകീർത്തിപ്പെടുത്തുന്നതിന് തുല്യമാണെന്നാണ് പരാതിക്കാരന്റെ ആക്ഷേപം. എന്നാൽ ഈ ആരോപണങ്ങളെ പൂർണ്ണമായും തള്ളിക്കളയുകയാണ് ജവാന്റെ നിർമ്മാതാക്കളായ പൊതുമേഖലാ സ്ഥാപനം ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസ് ലിമിറ്റഡ്.
1937-ൽ പ്രവർത്തനം ആരംഭിച്ച ഈ ചരിത്രപ്രസിദ്ധമായ കമ്പനിയിൽ ഉത്പാദിപ്പിച്ചിരുന്ന മദ്യം മുൻകാലങ്ങളിൽ ഇന്ത്യൻ മിലിട്ടറി കാന്റീനുകളിലും വിതരണം ചെയ്തിരുന്നു. ഇതിൽ സൈനികരെ അപകീർത്തിപ്പെടുത്തുന്ന യാതൊരു ഉദ്ദേശ്യവുമില്ലെന്നും കമ്പനി അധികൃതർ മറുപടി നൽകി. അതേസമയം കമ്പനി നൽകിയ ഈ വിശദീകരണം തൃപ്തികരമല്ലെന്നാണ് പരാതിക്കാരനായ രാജേന്ദ്രൻ നായർ വ്യക്തമാക്കുന്നത്.